തിരുവനന്തപുരം:റിസര്‍വ് ബാങ്ക് കേരളാ ബാങ്കിനെ തരംതാഴ്ത്തി. സി ക്ലാസ് പട്ടികയിലേക്കാണ് ബാങ്കിനെ തരംതാഴ്ത്തിയത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വായ്പാ വിതരണത്തിലടക്കം കടുത്ത നിയന്ത്രണമുണ്ടാകും. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നേരത്തെ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണം. ഇക്കാര്യം വ്യക്തമാക്കി കേരള ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിട്ടുണ്ട്.
കേരളാ ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാര്‍ഡാണ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.