തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും, വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ബാങ്ക് ആസ്ഥാനത്താണ് ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.
കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.