രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍. ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചക്കു തുടക്കം കുറിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. വയനാട്ടിലെ അതിഭീകര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ സി വേണുഗോപാൽ ലോകസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകുകയും, ഉപസഭാ നടപടിക്രമത്തിൽ ഉൾപ്പെടുത്തി സ്പീക്കർ അനുമതി നൽകുകയും ചെയ്തിരുന്നു. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടി വേണം. ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതില്‍ സന്തോഷമുണ്ട്. വയനാട്ടിലെ ജനങ്ങള്‍ ഉള്‍പ്പെടെ കേരളജനത ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. എന്‍ഡിആര്‍എഫ്, സൈന്യം എന്നിവരുടെ സേവനവും ലഭ്യമാണ്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. ഓരോ നിമിഷവും ദുരന്ത ഭൂമിയിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. നിരവധി മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാത്ത വിധം കിടക്കുന്നത്.ഇനിയും ആളുകള്‍ മണ്ണിനടയിലുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം. അതോടൊപ്പം ദുരന്തത്തിന് ഇരയായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് രൂപം നല്‍കണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണം.
മികച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. 2018 മുതല്‍ കേരളം ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്ല ആധുനിക സൗകര്യത്തോടുകൂടിയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രകൃതി ദുരന്തങ്ങളെ നമുക്ക് തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ നേരെത്തെ ഇവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അപകടത്തിന്റെ വ്യാപ്തിയും മരണപ്പെടുന്ന ആളുകളുടെ എണ്ണവും കുറയ്ക്കാന്‍ സാധിക്കും.കൂടാതെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന ഇടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും സാധിക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നമ്മള് കേരളത്തിലും, ആസാമിലും കര്‍ണാടകത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ബീഹാറിലും തമിഴ്നാട്ടിലുമൊക്കെയായി വെള്ളപ്പൊക്കങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ മുതലായ വലിയ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കാൻ കോൺഗ്രസില്ല. രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് ആകണം എല്ലാവരും മുൻഗണന നൽകേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.