ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.
കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചത്. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാൾ ചിന്തൻ ശിബിരത്തിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.