കഴക്കൂട്ടം: ബിയര്‍പാര്‍ലറില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചോളം പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി, ചിറയിന്‍കീഴ് സ്വദേശി അഭിജിത്ത്(ശ്രീക്കുട്ടന്) കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍. 11 പ്രതികളാണ് കേസിലുള്ളത്. അതില്‍ രണ്ടുപേരെ മാത്രമാണ് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞത്.
പിറന്നാള്‍ ആഘോഷിച്ച അക്ബര്‍, ഒന്നാംപ്രതി അഭിജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ വീടുകളടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടിയതായും വിവരമുണ്ട്. പ്രതികളുടെ മിക്കവരുടെയും ഫോണുകള്‍ ഓഫാണ്. അഭിജിത്താണ് പരിക്കേറ്റവരെയെല്ലാം കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ചിറയിന്‍കീഴ് സ്റ്റേഷന് പരിധിയില്‍ മുടപുരത്ത് 2021-ല്‍ അജിത് എന്നയാളെ കൊന്ന കേസിലെ ഒന്നാംപ്രതിയാണിയാള്.
കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കഴക്കൂട്ടത്തെ ഒരു ജിമ്മില്‍ ട്രെയിനറായിരുന്നു. കസ്റ്റഡിയിലുള്ള ഷമീമില്നിന്നു കത്തിവാങ്ങിയാണ് ഇയാള്‍ മറ്റുള്ളവരെ ആക്രമിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രി 11.30-ഓടെ ടെക്നോപാര്‍ക്കിനു സമീപത്തെ ബിയര്‍ പാര്‍ലറിലാണ് സംഘട്ടനം നടന്നത്.
അക്ബറിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായാണ് കഠിനംകുളം സ്വദേശി ഷെമീമും സംഘവും മദ്യശാലയിലെത്തിയത്. ഈ സമയം കൗണ്ടറിലിരുന്ന് മദ്യപിക്കുകയായിരുന്ന ഏഴംഗസംഘവുമായി ഇവര്‍ ചങ്ങാത്തമായ്. പിന്നീട് കേക്ക് മുറിക്കുന്നതിനെച്ചൊല്ലി തര്‍ക്കമാകുകയും സംഘട്ടനം നടക്കുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.
കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ചെറുവയ്ക്കല്‍ മയൂരത്തില്‍ സൂരജ് (28), ശ്രീകാര്യം കിഴവുകര മഠത്തുനട വൃന്ദാവനത്തില്‍ ഷാലു കെ.നായര്‍ (34), ചെറുവയ്ക്കല്‍ മയൂരത്തില്‍ സ്വരൂപ് (30), ആക്കുളം നിഷ് സ്വദേശി വിശാഖ് (26), അതുല്‍(30) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), കല്ലമ്പലം ഞാറയില്‍ കോളം കരിമ്പുവിളവീട്ടില്‍ അനസ് (22) എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ. വിനോദ് പറഞ്ഞു.