കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തം ഉണ്ടായത്.
ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. മൂന്ന് മണിയോടെ ആളിപ്പടര്‍ന്ന തീ അഞ്ച് മണിയോടെയാണ് അണയ്ക്കാനായത്.
കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്.
ഓര്‍ഡറുകള്‍ അനുസരിച്ച് വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന് സംരഭകത്വത്തിലേക്ക് കടന്നത്. സിനിമ എന്ന തൊഴിലില്‍ നിന്ന് ഉപരി സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം എന്ന സ്വപനത്തിലാണ് കാവ്യ ലക്ഷ്യ എന്ന തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ചത്.