ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ബെഹ്റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു.
അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ ബെഹ്റോർ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
