തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ജലീലിന്റെ കശ്മീർ പരാമർശത്തെപ്പറ്റി രോഷാകുലനായാണു ഗവർണർ സംസാരിച്ചത്
‘ജലീലിന്റെ കശ്മീർ പരാമർശം കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്?’ ഗവർണർ ചോദിച്ചു
ഇതിനിടെ കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെയാണ് ജലീല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹം പരിപാടികള്‍ റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ചെതന്നെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറിയെന്നാണ് സൂചന.