കാസർഗോഡ്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് അമ്പരന്നു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്.
അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണമത്രയും ആഡംബര ജീവിതത്തിനാണ് ജോബി ഉപയോഗിക്കുന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ക്ലബ്ബായ കാസനോവ ക്ലബ്ബില്‍ ജോബി നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. വന്‍കിട സിനിമാ നടികളും മോഡലുകളും അടക്കമുള്ളവര്‍ എത്തുന്ന ആഡംബര ക്ലബ്ബാണ് കാസനോവ. ഇവരുമായി ബന്ധം സ്ഥാപിച്ച് പണമുണ്ടാക്കുന്നതും ധൂര്‍ത്തടിക്കുന്നതും ജോബിയുടെ ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഗോവയിലെ ക്ലബ്ബുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ജോബി പുതിയ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്താറുള്ളത്. ഒരു രാത്രിക്ക് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇയാള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. ജോബി ജോര്‍ജിന് കാസര്‍ഗോട്ടെ ചിലരുമായി അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗോവയിലെ ഉന്നതരായ ചിലരുമായും ജോബി സൗഹൃദം പുലര്‍ത്തുന്നു.
കാസര്‍ഗോഡ് താലൂക്ക് ഓഫീസിന് എതിർ വശത്തെ ടി.എച്ച്. ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജ്വല്ലറിയില്‍ നിന്നാണ് ജോബി ജോര്‍ജ് സ്വര്‍ണമാല കൈക്കലാക്കിയത്. സ്വര്‍ണം ആവശ്യപ്പെട്ടാണ് ജോബി ജ്വല്ലറിയിലെത്തിയത്. ഇതിനിടെ ഇയാള്‍ സമര്‍ഥമായി സ്വര്‍ണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്വര്‍ണമാല മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തി. ഉടമ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.
സി.ഐ. പി. അജിത്കുമാര്‍, എസ്.ഐ. വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി. അനില്‍, അജിത്, രതീഷ് എന്നിവര്‍ ജ്വല്ലറിയിലെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതിനിടെ ജോബി ജോര്‍ജ് കാഞ്ഞങ്ങാട്ടെത്തി മുത്തൂസ് ജ്വല്ലറയില്‍ 54,500 രൂപയ്ക്ക് സ്വര്‍ണം വില്‍പ്പന നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
