
കാസർക്കോട്: പാകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് അനന്തുകൃഷ്ണൻ നടത്തിയ വ്യാപക തട്ടിപ്പിൽ കാസർക്കോട്ടും പരാതി. കാസർക്കോട് കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് തട്ടിപ്പ് നടത്തിയത്. അനന്തുവിന്റെ സ്കൂട്ടർ തട്ടിപ്പിൽ 30 ലക്ഷം രൂപ നഷ്ടമായതായി വയനശാല ഭാരവാഹികൾ പറഞ്ഞു.
കുമ്പഡാജെ പഞ്ചായത്തിലെ മൈത്രി വായനശാല വഴിയാണ് സ്കൂട്ടർ, ലാപ് ടോപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്. നേരത്തെ പണമടച്ചതു പ്രകാരം 40 സ്കൂട്ടറുകളും 75 ലാപ് ടോപ്പുകളും 250 തയ്യൽ മെഷീനുകളും ലഭിച്ചതായി വായനശാല ഭാരവാഹികൾ പറയുന്നു. എന്നാൽ ഇതിനു ശേഷം 36 സ്കൂട്ടറുകൾക്കും ലാപ് ടോപ്പുകൾക്കും പണമടച്ചു. ഇത് നൽകാതെ അനന്തുകൃഷ്ണനും സംഘവും കബളിപ്പിച്ചുവെന്നാണ് പരാതി.
കേസിൽ അറസ്റ്റിലാകുന്നതിനു ഏതാനും ദിവസം മുൻപ് വരെ അനന്തുകൃഷ്ണൻ വായനശാല ഭാരവാഹികളെ എറണാകുളത്തു നടന്ന യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എത്രയും പെട്ടെന്ന് സ്കൂട്ടറുകളും ലാപ് ടോപ്പുകളും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് ഇയാൾ അറസ്റ്റിലായ വാർത്തയാണ് അറിഞ്ഞതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സായ്ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെഎൻ ആനന്ദകുമാർ വഴിയാണ് അനന്തുകൃഷണ്നെ പരിചയപ്പെട്ടത് എന്നാണ് വായനശാല ഭാരവാഹികൾ പറയുന്നത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
