ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം തണ്ണീർ കൊമ്പന്റെ ജഡം കർണാടക വനപാലകർ വനത്തിലെ കഴുകൻ റസ്റ്റോറന്റിലേക്കാണ് എത്തിച്ചത്. നൂറുകണക്കിന് കഴുകന്മാർ എത്തിയാൽ ഒരു വലിയ ആനയുടെ ജഡം 3 ദിവസത്തിനുള്ളിൽ ഭക്ഷിച്ചു തീർക്കുമെന്നാണ് വനപാലകർ പറയുന്നത്.കഴുകൻ റസ്റ്റോറന്റിൽ പുതിയ മൃതദേഹം എത്തിയാൽ വയനാട്ടിൽ നിന്ന് പോലും കഴുകന്മാർ ബന്ദിപ്പൂരിലേക്ക് എത്തും. ഇത് കണക്കിലെടുത്താൽ തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം മാത്രമായിത്തീർന്നിട്ടുണ്ടാകും. മാരകരോഗമോ പകർച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നൽകാറില്ല.
എന്നാൽ തണ്ണീർ കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ജഡം കഴുകന്മാർക്ക് നൽകാൻ കർണാടക വനംവകുപ്പ് തീരുമാനിച്ചു. തണ്ണീർ കൊമ്പന്റെ ജഡം കാട്ടിൽ ഉപേക്ഷിക്കുന്ന് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നുണ്ട്. കർണാടകത്തിന്റെ ഈ നടപടി കേരളവനങ്ങളിലേക്കും രോഗബാധ പടരാൻ ചിലപ്പോൾ കാരണമായെക്കുമെന്ന് വിമർശനമുണ്ട്.ഫ്രെബുവരി രണ്ടിന് പുലർച്ചെയാണ് വയനാട്ടിലെ എടവക പഞ്ചായത്തിലും തുടർന്ന് മാനന്തവാടിയിലും തണ്ണീർ കൊമ്പൻ എത്തിയത്. നഗരത്തിലെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ പതിനഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിലാണ് മയക്കുവെടിവച്ച് രാത്രി പത്ത് മണിയോടെ എലിഫന്റ് ആംബുലൻസിൽ കർണാടകയിലെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. രണ്ട് കുങ്കി ആനകളുടെ സഹായത്തോടെ ഇറക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ അന്ത്യം സംഭവിച്ചു. സംഭവം വിവാദമായ സാഹചര്യത്തിൽ കേരള, കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റമോർട്ടം നടത്തിയത്.