കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. ശുപാർശ അംഗീകരിച്ചാൽ അർജുന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ട്.
റിപ്പോർട്ട് ഡിഐജി രാഹുൽ ആർ.നായർക്ക് കൈമാറി. ‘ഓപ്പറേഷൻ കാവലിന്റെ’ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി.