കണ്ണൂർ : ഫസല്‍ വധക്കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച സിപിഐഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച്ച സ്വന്തം നാട്ടിലെത്തുന്ന ഇരുവര്‍ക്കും പാര്‍ട്ടി സ്വീകരണം നല്‍കും. കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥയിലെ ഉപാധിപ്രകാരം ഇരുവർക്കും എറണാകുളം ജില്ല വിട്ടുപോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇതില്‍ ഇളവ് അനുവദിച്ചതോടെയാണ് ഇവർ തലശ്ശേരിയിലേക്ക് മടങ്ങുന്നത്. കാരായി രാജന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗവും കാരായി ചന്ദ്രശേഖരന് തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമാണ്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22 നാണ് കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ എറണാകുളം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയത്. ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം 2013 നവംബര്‍ എട്ടിനാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്ന നിബന്ധനയെ തുടര്‍ന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ വിവാഹം, മരണം തുടങ്ങിയവയില്‍ പങ്കുചേരാന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ ഇവര്‍ ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു.
എൻഡിഎഫ് പ്രവർത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസൽ 2006 ഒക്ടോബർ 22ന് തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപമുള്ള ജെ ടി റോഡിലെ ക്വാർട്ടേഴ്സിന് മുന്നിൽ വെച്ച് കൊല്ലപ്പെട്ടത്. സിപിഐഎം അംഗമായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ ഉള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് 2021 ജൂലൈയില്‍ ഹൈക്കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ഇരുവര്‍ക്കും കണ്ണൂരില്‍ നിബന്ധനകള്‍ പ്രകാരം താമസിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ മാസം മുതലാണ് ഇവര്‍ക്ക് സ്വന്തം നാട്ടില്‍ താമസിക്കാന്‍ കോടതി അനുമതി നല്‍കിയത്