
ഭാസ്കര കാരണവർ വധക്കേസിലെ ഒന്നാംപ്രതി പ്രതി ഷെറിന് ജയിലിൽ വിഐപി പരിഗണന ലഭിച്ചിരുന്നതായി സഹ തടവുകാരുടെ വെളിപ്പെടുത്തൽ. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിന് വിഐപി പരിഗണന ലഭിച്ചിരുന്നതായും മൊബൈൽ ഫോണും ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സെറ്റും വരെ ഷെറിന് ലഭിച്ചിരുന്നതായും സഹതടവുകാരിയായിരുന്ന സുനിതയാണ് വെളിപ്പെടുത്തിയത്.
ഷെറിന് സ്വന്തം വസ്ത്രങ്ങളൾ, പ്രത്യേകം തലയണ, കിടക്കാൻ കിടക്ക, കണ്ണാടി, തുടങ്ങിയവ ലഭിച്ചിരുന്നതായും സുനിത വെളിപ്പെടുത്തി. അന്നത്തെ ജയിൽ ഡിഎജി പ്രദീപ് ആണ് ഷെറിന് വിഐപി പരിഗണന നൽകിയതെന്നും സുനിത പറഞ്ഞു.
സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിനെ പാർപ്പിച്ചിരുന്നത്. 2013 ശേഷമുള്ള കാലയളവിലാണ് ഷെറിനും സുനിതയും ഒരുമിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉണ്ടായിരുന്നത്.
അന്നത്തെ ജയിൽ ഡിഎജി പ്രദീപ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെകുന്നേരം ഷെറിനെ കാണാൻ വരാറുണ്ടായിരുന്നെന്നും പല ദിവസങ്ങളിലും രാത്രി 7 മണിക്ക് ശേഷം ഷെറിനെ പുറത്തുകൊണ്ടുപോയി രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് തിരികെ സെല്ലിൽ കയറ്റാറുള്ളതെന്നും സുനിത പറഞ്ഞു. ഷെറിന് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ടായിയിരുന്നെന്നും അവർ പറയുന്ന ഭക്ഷണം മൂന്നു നേരവും ജയിൽ ജീവനക്കാർ പുറത്തുനിന്ന് വാങ്ങി നൽകിയിരുന്നു എന്നും സുനിത പറഞ്ഞു.
ഇതിനെതിരെ സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരാതി നൽകിയതിനു ശേഷം സൂപ്രണ്ടും ജയിൽ ഡിഐജി പ്രദീപും അടക്കമുള്ളവർ തന്നെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സുനിത പറഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം അന്നത്തെ ഡിജിപി സെൻകുമാറിനും പരാതി നൽകിയെങ്കിലും ജയിൽ അന്തേവാസികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന് തനിക്ക് നോട്ടീസ് നൽകിയെന്നും സുനിത പറഞ്ഞു.
