ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.
നേരത്തേയും സമാജ്വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടര്‍ച്ചയായി അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
കപില്‍ സിബല്‍ എസ്പിയില് ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹവും അഖിലേഷ് യാദവും നല്കുന്ന സൂചന. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പത്രിക സമര്‍പ്പിച്ചതെന്നും തനിക്ക് എല്ലാകാലത്തും സ്വതന്ത്ര ശബ്ദമായി ഇരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ചര്‍ച്ചയായിയിരുന്നു.
