മനാമ: ബഹറിനിൽ ഉള്ള കണ്ണൂർ നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ‘കണ്ണൂർ എക്സ്പാറ്റ്സ് ബഹറിൻ’ പുതിയ കമ്മിറ്റിയുടെ പുനഃസംഘടനയ്ക്കു ശേഷം പൂർവാധികം ശക്തിയോടെ സംഘടനാപ്രവർത്തനം ഊർജിതപ്പെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി, കണ്ണൂരിലെ തനതായ സംസ്കാരവും പാരമ്പര്യവും വെളിവാക്കി കൊണ്ട് സുബി ഹോംസിനെ സഹകരണത്തോടെ ”കണ്ണൂർ ഫെസ്റ്റ് 2020” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി 14-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 11 മണി വരെ മനാമ അൽ രാജ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പ്രശസ്ത ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ‘വാദ്യ ശ്രേഷ്ഠ പുരസ്കാരം’ നൽകിയും സംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിനെ ‘സംഗീത ശ്രേഷ്ഠ പുരസ്കാരം’ നൽകിയും ആദരിക്കും.
തനത് കലാരൂപമായ തെയ്യം മുതൽ കണ്ണൂരിൻറെ ഭക്ഷണ വിഭവങ്ങളായ ബിരിയാണി, മുട്ട മാല, പായസം തുടങ്ങിയ വിഭവങ്ങളുടെ പാചക മത്സരവും കമ്പവലി മത്സരവും ചിത്രരചനാ മത്സരവും ഉൾപ്പെടെ കണ്ണൂരിലെ തനത് കലാരൂപങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ശരീഫ്, സരിഗമപ ഫെയിം ആഷിമ മനോജ്, വിജിത ശ്രീജിത്ത്, ഗോപി നമ്പ്യാർ തുടങ്ങിയവർ പങ്കെടുക്കുന്ന വമ്പിച്ച ഗാനമേളയും ഇതോടനുബന്ധിച്ച് നടക്കും. പത്രസമ്മേളനത്തിൽ കെ പി പവിത്രൻ, പ്രദീപ് പുറവങ്കര, നജീബ് കടലായി, ബേബി ഗണേശ്, മൂസ ഹാജി, സുധീഷ്, പി.വി സിദ്ദിഖ്, സതീഷ് എന്നിവർ പങ്കെടുത്തു.