ന്യൂഡൽഹി: 116 വർഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞെന്ന് സുപ്രീം കോടതിയിൽ ആരോപണം. കണ്ണൂർ ജില്ലാ ജഡ്ജിയുടെ പച്ചക്കൊടി ലഭിച്ചശേഷം ആരംഭിച്ച പൊളിക്കൽ നടപടികളാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞതെന്നാണ് ആരോപണം. അതേസമയം, കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിയും സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽചെയ്തു.
കണ്ണൂർ കോടതി സമുച്ചയ കരാറുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നിര്മാണ് കണ്‍സ്ട്രക്ഷന്‍സാണ് സുപ്രീംകോടതിയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നിർമാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ ആദ്യം ലഭിച്ച തങ്ങൾ നിർമാണവുമായി മുന്നോട്ട് പോയതെന്ന് നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോടതികൾ മറ്റ് സ്ഥലങ്ങളിലേക്ക് താത്കാലികമായി മാറ്റിയെന്ന് തലശ്ശേരി കോടതിയിലെ ജില്ലാ ജഡ്ജി അറിയിച്ചതിനെ തുടർന്നാണ് പൊളിക്കൽ നടപടി ആരംഭിച്ചത്. അഞ്ച് എൻജിനീയർമാരും 20 തൊഴിലാളികളും പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ജോലി തടഞ്ഞതെന്നും നിർമാൺ കണ്‍സ്ട്രക്ഷന്‍സ് ആരോപിച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടസമുച്ചയം പണിയാൻ അനുമതി നൽകണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, റദ്ദായ കരാറിന് പണം തിരികെ ലഭിച്ചവരാണ് പൊളിക്കൽ നടപടികൾ നടത്തുന്നതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആരോപിച്ചു.
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമാൺ കണ്‍സ്ട്രക്ഷന്‍സിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ചെലവായ ഒരു ലക്ഷം രൂപ തിരികെ നൽകിയിരുന്നുവെന്നും കരാർ റദ്ദാക്കിയതാണെന്നും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയർമാൻ പി. രമേശൻ സുപ്രീം കോടതിയെ അറിയിച്ചു. അധിക സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം രമേശൻ സുപ്രീം കോടതിയെ അറിയിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കഴിഞ്ഞ വർഷം ഫെബ്രുവരി 17-ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഡിസംബർ 13-ന് നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് ജീവനക്കാർ കോടതി പണിയുന്ന സ്ഥലത്തെത്തി നിർമാണ പ്രവർത്തനം ആരംഭിച്ചു. കരാർ പോലും നിലവില്ലാത്ത സാഹചര്യത്തിലാണ് പ്രവർത്തനം ആരംഭിച്ചതെന്നാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ആരോപണം. തുടർന്ന് വക്കീൽ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നിർമാണം നിർത്തിവെച്ചതായും അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായിട്ടും ഹൈക്കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഹർജിക്കാർ നടത്തുന്നതെന്നാണ് സൊസൈറ്റിയുടെ ആരോപണം. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സജ്ജമാണെന്നും സൊസൈറ്റി സുപ്രീം കോടതിയെ അറിയിച്ചു.