കണ്ണൂർ: പാനൂർ ചെണ്ടയാട് ബോംബ് സ്ഫോടനം. കണ്ടോത്തുംചാൽ വലിയറമ്പത്ത് മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്ഫോടനം നടന്നത്. റോഡിൻ്റെ നടുവിൽ കെട്ട് ബോബ് എറിഞ്ഞ് ഭീതി പരത്തുകയാണ് ഉണ്ടായത്. മാസങ്ങൾക്ക് മുന്നേ കണ്ടോത്തുംചാൽ നടേമ്മൽ കനാൽ പരിസരത്ത് വീട്ടമ്മയുടെ വീടിൻ്റെ മതിലിൽ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസിൽ പ്രതികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതിനിടയ്ക്കാണ് തൊട്ടടുത്ത പ്രദേശത്ത് പകൽ സമയത്ത് സ്ഫോടനം നടന്നത്. കണ്ണൂരിലെ ന്യൂമാഹിയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.
കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി വിജീഷ് ആവശ്യപ്പെട്ടു. ജെ.ബി.എം ജില്ല ചെയർമാൻ സി വി എ ജലീൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടീ പി മുസ്തഫ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. പാനൂർ സി ഐ, എസ് എച്ച് ഒ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.