ബെംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര് അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.
കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന് രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന് ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്.
സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്, ധൃതി രാജ്കുമാര് എന്നിവര്‍ മക്കളാണ്.