ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം നടന്നു. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. അമെരിക്കയിലുള്ള മകൾ രാത്രി ബംഗളുരുവിൽ എത്തിയിരുന്നു. വിലാപയാത്രയായി 11കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 7.30 യോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.ആരാധകർ ഒന്നടങ്കം എത്തുന്നത് ക്രമസമാധാന പ്രശ്നം ആകുമെന്ന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് സംസ്കാര ചടങ്ങുകൾ പുലർച്ചെയിലേക്കു മാറ്റിയത്. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒപ്പം മൈസൂരില്‍ ശക്തിദാമ എന്ന സംഘടന നടത്തുകയും ചെയ്തിരുന്നു.