തിരുവനന്തപുരം: കണ്ടള സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്. വ്യക്തി വിരോധം തീര്‍ക്കാനുള്ള ഗൂഢാലോചനയും പ്രചരണവുമാണ് നടക്കുന്നത്. സഹകരണ നിയമം 65 അനുസരിച്ചുള്ള അന്വേഷണം നടന്നു. ഉദ്യോഗസ്ഥര്‍ തലനാരിഴ കീറി എല്ലാ രേഖകളും പരിശോധിച്ചു. അന്വേഷണത്തില്‍ തിരിമറികളോ, വായ്പ്പാ തട്ടിപ്പോ, നിക്ഷേപ തട്ടിപ്പോ സാമ്പത്തിക ക്രമക്കേടുകളോ നടന്നിട്ടില്ലെന്ന് കണ്ടെത്തി. ബാങ്കില്‍ ആസ്തി വര്‍ധിച്ചിട്ടേ ഉള്ളു, എന്നിട്ടും നുണ പ്രചരിപ്പിച്ച് ആയിരക്കണക്കിന് പാവങ്ങളുടെ അത്താണിയായ ബാങ്കിനെ നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
നിയമനങ്ങളില്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. അനധികൃതമായി ആരെയും ബാങ്കിലോ അനുബന്ധ സ്ഥാപനങ്ങളിലോ നിയമച്ചിട്ടില്ല. ചിലരെ പിരിച്ചു വിട്ടത് ക്രമക്കേടും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. അതിനുള്ള തെളിവുകള്‍ ബാങ്കിന്റെ കൈവശം ഉണ്ട്.
മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയന് തെരഞ്ഞെടുപ്പില്‍ തന്റെ പാനല്‍ ജയിച്ചതിലുള്ള അസൂയ ആണ് ചിലര്‍ക്ക്. താന്‍ അവിടെ ചെയര്‍മാനായി വരാന്‍ പാടില്ലെന്നാണ് അവരുടെ നിലപാട്. അതിനാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതെന്നും എന്‍ ഭാസുരാംഗന് പറഞ്ഞു.
കുട്ടിക്കാലം മുതലേ പശുവളര്‍ത്തലും പാല് വില്‍പ്പനയും അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന് വന്നതുകൊണ്ടാണ് നാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി ക്ഷീര എന്ന ബ്രാന്റ് തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പിന്നീട് ക്ഷീരയെ മില്‍മയോട് ലയിപ്പിച്ചു. അത് ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്തിട്ടേ ഉള്ളു.
ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം നടന്നു. ബന്ധപ്പെട്ടവര്‍ക്ക് വിശദീകരണവും നല്കി. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ അതായിക്കോട്ടെ, പക്ഷെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബാങ്കിനെയും നിക്ഷേപകരെയും വല്ലാത്ത ആശങ്കയില്‍ ആക്കരുതെന്നും എന്‍ ഭാസുരാംഗന് അഭ്യര്‍ഥിച്ചു.