കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ രണ്ടു സഹോദരന്മാരെ ജയില്‍മോചിതരാക്കി ഉത്തരവിറക്കാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് മോചന ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സാവകാശം തേടിയത്. സര്‍ക്കാര്‍ നടപടി വൈകുന്നതിനെതിരേ വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ഠന്റെ ഭാര്യ രേഖയും സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും.
മണികണ്ഠന് 20 വര്‍ഷവും 10 മാസവും വിനോദ് കുമാര്‍ 21 വര്‍ഷവുമാണ് ശിക്ഷ അനുഭവിച്ചത്. ഓഗസ്റ്റ് 16-നു ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗമാണു മോചന ശിപാര്‍ശ കൈമാറിയത്. ഈ ശിപാര്‍ശയിലാണു തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇത്രയുംകാലം ജയിലില്‍ കിടക്കുന്നത് ആദ്യ സംഭവമാണെന്നാണു ഭാര്യമാരുടെ വാദം. അതിനാല്‍, ന്യായമായും ശിക്ഷായിളവ് കിട്ടേണ്ടതാണ്. സര്‍ക്കാര്‍ അനാവശ്യമായ കാലതാമസം വരുത്തുകയാണെന്ന് അവര്‍ പറഞ്ഞു.
ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇവരുടെ ജയില്‍ മോചന ഉത്തരവു രണ്ടാഴ്ചയ്ക്കിടയില്‍ ഇറക്കാനാണു സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ശിക്ഷായിളവു നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സര്‍ക്കാര്‍ ഇന്നലെ ഫയല്‍ ചെയ്ത മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.
2000 ഒക്റ്റോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം സംഭവിക്കുന്നത്. മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച വ്യാജ മദ്യം കഴിച്ച് കൊല്ലം കല്ലുവാതുക്കലിലെ 19 പേരും, പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ 33 പേർ മരിച്ചു. ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.