കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികളെ വലച്ച് ലിഫ്റ്റ് തകരാറിൽ. ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നാണ് താഴെ ഇറക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ് രംഗത്തെത്തി. ലിഫ്റ്റ് തകരാറിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയുണ്ടായിട്ടില്ല. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുവന്നതും ചുമന്നാണെന്ന് ബന്ധു ജിതിൻ വെളിപ്പെടുത്തി. കേടായ ലിഫ്റ്റ് എപ്പോൾ നന്നാക്കുമെന്ന് അറിയില്ലെന്ന് ജീവനക്കാർ പറഞ്ഞതായി ജിതിൻ പറഞ്ഞു.
കാലടി വെള്ളായണി സ്വദേശി നടുവീട്ടുവിളയിൽ സുകുമാരൻ (48) ആണ് മതിയായ സൗകര്യങ്ങളുടെ അഭാവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ആദ്യം ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ, ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല. ഒടുവിൽ, അപകടകരമായ സാഹചര്യത്തിൽ സ്ട്രെച്ചറിൽ കിടത്തി മുകളിലേക്ക് ഉയർത്തി.
പൊള്ളലേറ്റതിനാൽ ചർമ്മത്തിൽ തൊടാൻ കഴിയാതെ കടുത്ത വേദന അനുഭവപ്പെട്ട സാഹചര്യത്തിലാണ് സ്ട്രെച്ചറിൽ കിടത്തി മുകളിൽ എത്തിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഓട്ടോ തൊഴിലാളിയായ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയാണ്.