കടയ്ക്കൽ: കോവിഡ് 19 ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടവരെ കൂടി ഉൾപ്പെടുത്തുന്നതിന് അനുകൂലമായ കേന്ദ്ര തീരുമാനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ വേഗത്തിൽ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും, അവധി കഴിഞ്ഞു വിദേശത്തേക്ക് മടങ്ങുവാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ എടുക്കുന്നതിനു ഒരു നിയോജകമണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും പ്രത്യേക സൗകര്യം ഒരുക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് നിവേദനം സ്വീകരിച്ചു. പ്രവാസികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മുൻഗണന ഫലപ്രദമായി നടപ്പാക്കുന്നില്ലായെന്ന പരാതി അടുത്ത കോവിഡ് റിവ്യൂ മീറ്റിംഗിൽ ഉന്നയിക്കുമെന്നും മറ്റു കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം അറിയിച്ചതായി കടയ്ക്കൽ ഒരുമ സെക്രട്ടറി സജീർ കുമ്മിൾ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ്, ചടയമംഗലം എം.എൽ.എ.കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി എന്നിവർക്കും നിവേദനം നൽകി. മണ്ഡലത്തിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
