സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുകയാണ്.
പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിംഗ് ആയിരിക്കുകയാണ്.
തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.
