തിരുവനന്തപുരം: രവീന്ദ്രനും ശിവശങ്കറും മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് കൈകളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇവർ രണ്ടുപേരും കുടുങ്ങിയിട്ടുണ്ടേൽ മുഖ്യമന്ത്രിയുടെ അറിവില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന കാര്യം ഉറപ്പാവുകയാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്ന് പണം കൊണ്ടുവന്നത്. ഇതിൽ നിന്ന് അഞ്ച് കോടി രൂപ കാണാതായി. പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കേസുകൾ വരുമ്പോൾ വാർത്തയാക്കാതിരിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിന് എതിരെയുള്ള നടപടി.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അന്വേഷണം തന്റെ ഓഫീസിലെത്തിയപ്പോൾ മുഖ്യമന്ത്രി എതിർത്തു. ഒന്നും ഒളിക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
യാത്രയിൽ എല്ലാ ദിവസവും ഓരോ മണ്ടത്തരങ്ങളാണ് എംവി ഗോവിന്ദൻ പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിലെ ദേശീയപാതാ വികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് 25% നൽകാമെന്നായിരുന്നു കേരള സർക്കാർ ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നത് ഒന്നും തരില്ലെന്നാണ്. എന്നിട്ടും പണി നിർത്താതെ ദേശീയപാതാ വികസനത്തിനുള്ള മുഴുവൻ തുകയും കേന്ദ്രം നൽകുകയാണ്. അപ്പോഴും ഞങ്ങൾ എല്ലാം ചെയ്യുന്നുവെന്ന് ഗോവിന്ദൻ വീമ്പിളക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.