തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തൃത്താലയിൽ നിന്നും വന്ന ആംബുലൻസാണ് എസ്ഡിപിഐ നേതാവിന്റെ മൃതദ്ദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയിൽ എസ്ഡിപിഐക്ക് നിരവധി ആംബുലൻസുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയിൽ നിന്ന് ആംബുലൻസ് വന്നതെങ്ങനെയാണ്?
രൺജിത്തിന്റെതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയിൽ രണ്ട് വർഷം മുമ്പ് നടന്നിരുന്നു. ബിജെപി പ്രവർത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്. അതേ രീതിയിലാണ് രൺജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമിന് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളിൽ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ ഇപ്പോഴത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷം വ്യാപകമായ ആക്രമണങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. രൺജിത്തിന്റെ കൊലപാതകത്തിൽ പിഎഫ്ഐ-എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ട്. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്റെ പങ്ക് പൊലീസ് അന്വേഷിക്കണം.
വാഹന പരിശോധനയും റെയിഡും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരസ്യം കൊടുത്തത് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാൽ ഏതെങ്കിലും പ്രതികളെ കിട്ടുമോ? രൺജിത്ത് മരിക്കുന്നതിന്റെ തലേ ദിവസം അർദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല.
സഞ്ജിത്തിന്റെ കേസിൽ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 വർഷത്തിനിടെ 16 ആർഎസ്എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷത്ത് കെ.സുധാകരനും വിഡി സതീശനും പോപ്പുലർ ഫ്രണ്ടിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ്. മതഭീകരവാദത്തിനെതിരെ ബിജെപി പൊതുവേദിയുണ്ടാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സമീപ കാലത്തെ കൊലപാതകങ്ങളെല്ലാം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വത്സൻ തില്ലങ്കേരിക്കെതിരായ ഗൂഢാലോചന രണ്ട് പതിറ്റാണ്ടായി തുടരുന്നതാണ്. വത്സൻ തില്ലങ്കേരിയെ ലക്ഷ്യം വെക്കുന്നത് നിഗൂഡമാണ്. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം മനസിൽ വെച്ചാൽ മതി. ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ മണ്ണഞ്ചേരിയിൽ പിഎഫ്ഐക്കാർ പായസവിതരണം നടത്തി. ക്ഷേത്രമതിലിൽ പോസ്റ്ററും കൊടിയും കെട്ടി കലാപമുണ്ടാക്കാൻ ശ്രമിച്ചു. നന്ദുവിന്റെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വികലാംഗനാക്കും എന്ന പരസ്യ ഭീഷണി മുഴക്കി. ശബരിമല സമരകാലത്ത് പ്രക്ഷോഭത്തെ ആക്രമിച്ചു. മണ്ണഞ്ചേരിയിൽ സിപിഎമ്മിലെ ഹിന്ദുക്കൾക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്. ഈ കേസുകളിലെല്ലാം സിപിഎം എംഎൽഎയുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. പൊലീസ് ജയ്ശ്രീരാം വിളിപ്പിച്ചുവെന്ന ആരോപണം പോപ്പുലാർ ഫ്രണ്ട് ഉയർത്തിയത് നാടകമാണ്. കൊലപാതകം നടന്നിട്ട് ഇത്രയും സമയമായിട്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഒരു പരിശോധനയും നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ പങ്കെടുത്തു.