
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന് സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന് സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്.
കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന് അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന് കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന് സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
കണ്ണൂരില്‍ ടി ഒ മോഹനന് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന് പറഞ്ഞതായി മോഹനന് പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന് പറഞ്ഞു.


