തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 132-ാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ജവഹര്‍ലാല്‍ നെഹ്രു;ദര്‍ശനവും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തില്‍ കെപിസിസി സംഘടിപ്പിച്ച സിമ്പോസിയം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഭാരതീയന്റെ മനസില്‍ നിന്നും ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത യുഗപുരുഷനാണ് നെഹ്രു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ നമ്മുടെ നാട് നിരക്ഷരുടെയും വിവസ്ത്രന്റെയും പട്ടിണിക്കാരുടെയുമായിരുന്നു.അവിടെനിന്ന് ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളിലേക്കും വികസന പന്ഥാവിലേക്കും ഇന്ത്യയെ വളര്‍ത്തിയെടുത്തതില്‍ പണ്ഡിറ്റ് നെഹ്രുവിന്റെ സംഭാവനയും ലക്ഷ്യബോധവും വിസ്മരിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യ ഉള്ളടത്തോളം കാലം നെഹ്രുവിനെ ഓരോ ഭാരതീയനും സ്മരിക്കും.
പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കുക വഴി രാജ്യത്തിന്റെ വികസനക്രമം ചിട്ടപ്പെടുത്തുന്നതിനും സാമൂഹ്യ സമത്വം ഉണ്ടാക്കിയെടുക്കന്നതിനും നെഹ്റുവിന് സാധിച്ചു. നെഹ്റു ഉണ്ടാക്കിയെടുത്ത മതേതരത്വവും ബഹുസ്വരതയും ജനാധിപത്യവുമാണ് ഈ രാജ്യത്തിന്റെ അടിക്കല്ല്.സുശക്തമായ സമ്മിശ്ര സാമ്പത്തിക അടിത്തറ പടുത്തുയര്‍ത്തിയ അദ്ദേഹം കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഇന്ത്യയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി. നെഹ്രു തുടങ്ങിവെച്ച വികസനത്തിന്റെ പാതപിന്തുടര്ന്നാണ് തുടര്‍ന്നുള്ള ഭരണാധികാരികള്‍ രാജ്യത്തെ നയിച്ചത്. നെഹ്രുവിന്റെ ദാര്‍ശനിക ബോധത്തില്‍ നിന്നും പടുത്തുയര്‍ത്തിയ മതേതരത്വം ബഹുസ്വരതയും തകര്‍ക്കാന്‍ ആരുശ്രമിച്ചാലും സാധ്യമല്ല.സാക്ഷരത പോലും ഇല്ലായിരുന്ന ഒരു ജനതയെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ലോകത്ത് കൈപിടിച്ചുയര്‍ത്തിയ ഭരണകര്‍ത്താവാണ് നെഹ്റു.
ജവഹര്‍ലാല്‍ നെഹ്രു മരിക്കുന്നതുവരെ പ്രതിപക്ഷ നേതാക്കളോട് പുലത്തിയ ഉന്നതമായ സഹവര്‍ത്തിത്വവും ബഹുമാനവും അനുകരണീയമാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവാകുനുള്ള നിയമപ്രകാരമുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടുപോലും ഒന്നാം ലോക്സഭയില്‍ എകെ ഗോപാലനെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി അംഗീകരിക്കാനും ആ പദവിയെ ആദരവോടെ നോക്കി കാണാനും നെഹ്രു കാണിച്ച മര്യാദ ഇന്നത്തെ ഭരണാധികാരികള്‍ കാണിക്കുന്നില്ല.
ലോകത്തെ ഒരു ചേരിയുടെയും കാല്‍ക്കീഴിലേക്ക് സ്വതന്ത്ര ഇന്ത്യയെ വലിച്ചെറിഞ്ഞു കൊടുക്കാതെ മൂന്നാം ലോക രാജ്യങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപിടിക്കാന്‍ അദ്ദേഹം നിര്‍മ്മിച്ചുയര്‍ത്തിയ ചേരിചേരാ നയമാണ്. ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ന് ഇന്ത്യ അനുഭവിക്കുന്ന സ്ഥാനത്തിനു നാം ആത്യന്തികമായി കടപ്പെട്ടിരിക്കുന്നത് നെഹ്റുവിന്റെ ദീര്ഘവീക്ഷണത്തോടാണെന്നും കെ സുധാകരന് പറഞ്ഞു.
സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കാനും, വികസനത്തിനു കൃത്യമായ ദിശാബോധം നല്‍കാനും പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കിയ ഇന്ത്യകണ്ട മികച്ച ഭരാണാധികാരിയായിരുന്നു നെഹ്രുവെന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജെയിംസ് പറഞ്ഞു.
മതപരവും ജാതീയവുമായ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്ന രാജ്യത്തെ നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസന ചക്രവാളത്തിലേക്ക് ഉയര്‍ത്തിയത് നെഹ്രുവിന്റെ കഠിനശ്രമം കൊണ്ടു മാത്രമാണെന്ന് പ്രൊഫ. എസ്. അച്യുത്ശങ്കര്‍ പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു സ്വാഗതവും ഡിസിസി പ്രസിഡന്റ് പാലോട് രവി കൃതജ്ഞതയും പറഞ്ഞു. കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ ജി. സുബോധന്‍, മരിയാപുരം ശ്രീകുമാര്‍, എംഎം നസീര്‍, എംജെ ജോബ്, കെപിസിസി നിര്‍വാഹക സമതി അംഗങ്ങളായ വര്‍ക്കല കഹാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കരകുളം കൃഷ്ണപിള്ള, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, എന്‍ പീതാംബരകുറുപ്പ്, മുന്‍മന്ത്രി രഘുചന്ദ്രപാല്‍, കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.