തിരുവനന്തപുരം: ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
എന്‍സിപി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം വിജേന്ദ്രകുമാര്‍ നൂറുകണക്കിന് അനുയായികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ 2000 പേര് ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തും. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന് പറഞ്ഞു.
പാര്‍ട്ടി നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയന്‍ മൂല്യങ്ങളും കോണ്‍ഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണ് നടപ്പാക്കുന്നതെന്നു സുധാകരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, എന്‍ ശക്തന്, കെ. മോഹന്‍കുമാര്‍, ആര് ചന്ദ്രശേഖരന്, എം വീജേന്ദ്രകുമാര്, കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജി. അനില്‍കുമാര്‍ , വികെ പ്രകാശ്, വി. സിദ്ധാര്ത്ഥന്, അജ്കുമാര്‍, മനോജ്, ദിനേശ് ഷാന്മാതുരന്, സുനില്‍ സോമന്, ഷാജി, അജിത തുടങ്ങിയ എന്‍സിപി നേതാക്കളും പങ്കെടുത്തു.