തിരുവനന്തപുരം: വര്‍ഗസമരം വലിച്ചെറിഞ്ഞു സിപിഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണു കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ വിഎച്ച്പി, ബജ്രങ്ദളിനെ പോലുള്ള സംഘടനകള്‍ക്കു ധൈര്യം വന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. രാജ്യത്തു ക്രൈസ്തവരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതു സംഘപരിവാറുകാരാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 600ല്‍പ്പരം അക്രമങ്ങളാണു കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ഇപ്പോള്‍ ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സിപിഎം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവര്‍ക്കെതിരായ ഭീഷണി ഉയരുകയാണ്. പാലക്കാട്ടെ നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്കൂളില്‍ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജിബിയുപി സ്കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും ആഘോഷം അലങ്കോലപ്പെടുത്തിയതു സംഘപരിവാര്‍ സംഘടനാ നേതാക്കളാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു കളങ്കമാണ്. അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഇത്തരം ഹീനപ്രവണതകള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല.
മണിപ്പുരില്‍ ക്രൈസ്തവരെ ആക്രമിച്ചു കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ടു തിരിഞ്ഞുനോക്കാത്ത, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രി ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇതു ബിജെപിയുടെ രാഷ്ട്രീയ നാടകത്തിലെ അധ്യായം മാത്രമാണ്. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ക്കു പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ഇത്തരം ഗിമ്മിക്കുകളില്‍ ഏര്‍പ്പെടുന്നത്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കു കേക്കും വൈനുമായി സ്നേഹസന്ദേശയാത്ര നടത്തുന്ന ബിജെപി നേതാക്കളുടെ ലക്ഷ്യവും രാഷ്ട്രീയ മുതലെടുപ്പാണ്. അതു ക്രൈസ്തവ സഹോദരങ്ങള്‍ തിരിച്ചറിയണം.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ബിജെപിയെപ്പോലെ പ്രയോജനപ്പെടുത്താനാണു സിപിഎം നേതൃത്വം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയത ചികയുന്ന എ.വിജയരാഘവനെ പോലുള്ളവരെ സിപിഎം ന്യായീകരിക്കുന്നു. ആര്‍എസ്എസ് ബന്ധമുള്ള എം.ആര്.അജിത്കുമാറിനു ചുവന്ന പരവതാനി വിരിക്കുന്നതും സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമാണ്. സംഘപരിവാര്‍ അജൻഡയായ ന്യൂനപക്ഷ വിരോധം സിപിഎമ്മും ഒളിച്ചുകടത്തുന്നു. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ മതസൗഹാര്‍ദത്തെയും മൈത്രിയെയും ദുര്‍ബലപ്പെടുത്തുകയാണു വെറുപ്പ് ഉൽപാദിപ്പിക്കുന്ന ബിജെപിയും അതു വില്‍പ്പന നടത്തുന്ന സിപിഎമ്മും ചേര്‍ന്ന സഖ്യം– കെ.സുധാകരന് പറഞ്ഞു.