തിരുവനന്തപുരം: ഒരുതരത്തിലുമുള്ള ശാസ്ത്രീയതയും പ്രായോഗികതയും അവകാശപ്പെടുവാൻ കഴിയുന്നതല്ല കെ-റെയിൽ സിൽവർലൈൻ പദ്ധതിയെന്നും പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയെ കീറിമുറിക്കുമെന്നും കൂടിയാലോചനകളില്ലാതെ മുന്നോട്ട് പോകുന്ന സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുന്നുവെന്നും അതുകൊണ്ട് തന്നെ പദ്ധതിക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളെ നമ്മൾ പൂർണമായും പിന്തുണയ്ക്കണമെന്നും കെപിസിസിയുടെ മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
കേരള സർവ്വോദയ മണ്ഡലം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ‘കെ- റെയിൽ സിൽവർലൈൻ പഠന കൺവെൻഷൻ’ ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം കേരളത്തെ ‘മനുഷ്യനിർമ്മിത ദുരന്തം’ എന്നതിലേക്ക് സർക്കാർ തന്നെ കൊണ്ടെത്തിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു…
കേരള സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഈ പദ്ധതി അപകടകരമാണെന്നും ജനങ്ങളെ സേവിക്കേണ്ട സർക്കാർതന്നെ ജനവിരുദ്ധ കെ- റെയിൽ പദ്ധതിക്കു വേണ്ടി മുറവിളി കൂട്ടുന്നത് സംശയാസ്പദമാണെന്നും സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകാധിപത്യ പ്രവണതകളിൽ നിന്നും ജനാധിപത്യം തിരിച്ചു പിടിക്കാനുള്ള സഹനസമരമാണ് ഇപ്പോൽ കേരളത്തിൽ നടക്കുന്നതെന്നും കെ-റെയിൽ കേരളത്തിന് വൻബാധ്യത ആകുമെന്നും ജനജീവിതം ദുസ്സഹമാക്കുമെന്നും സാമ്പത്തിക അടിത്തറ തകർത്തെറിയുമെന്നും “കെ- റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിനു വേണമോ..?” എന്നതിൽ നടന്ന പഠന കൺവെൻഷനിൽ വിഷയങ്ങൾ അവതരിപ്പിച്ച വിദഗ്ദ്ധർ പറഞ്ഞു.
പഠന കൺവെൻഷനിലെ വിഷയാവതരണങ്ങളുടെ മോഡറേറ്റർ ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ പി.വൈ ആയിരുന്നു. ‘സാമ്പത്തികാഘാതവും രാഷ്ട്രീയവും’ എന്നതിൽ സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യുവും ‘സാമൂഹികാഘാതം’ എന്നതിൽ സംസ്ഥാന കെ- റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജെനറൽ കൺവീനർ എസ്. രാജീവനും ‘പാരിസ്ഥിതികാഘാതം’ എന്നതിൽ കേരള പരിസ്ഥിതി ഐക്യവേദി സംസ്ഥാന കൺവീനർ ശ്രീധർ രാധാകൃഷ്ണനും വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
ഗാന്ധി സെന്റർ ചെയർമാൻ അഡ്വ. വിഎസ്. ഹരീന്ദ്രനാഥ്, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി കാട്ടായിക്കോണം ശശിധരൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ, അഡ്വ. എസ്. ഉദയകുമാർ, ജോൺ വിൽസൺ, ബി. ശശികുമാരൻ നായർ, എസ്. മോഹനകുമാരിയമ്മ, ശ്രീലത ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചർച്ചയും സംവാദവും കെ-റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന പ്രഖ്യാപനത്തോടെ കെ- റെയിൽ വിരുദ്ധ ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കണയ്ക്കണമെന്നും അവയ്ക്ക് നേതൃത്വം നല്കണമെന്നും തീരുമാനിച്ചു.