കൊല്ലം : കേരള സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് നിര്‍ത്തിവെച്ച് ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ശബരിമല റെയില്‍പ്പാത ഉള്‍പ്പടെയുള്ള പദ്ധതികള്‍ മന്ദഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ കെ-റെയില്‍ നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വലിയ താല്പര്യം കാണിക്കുന്നത് പുനപരിശോധിക്കണമെന്ന് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതും കേരളത്തിന്റെ പരിസ്ഥിതി സന്തുലനം താറുമാറാക്കുന്നതുമായ കെ-റെയിലിനെതിരെ സംസ്ഥാനമൊട്ടാകെ വമ്പിച്ച പ്രക്ഷോഭമാണ് നടന്നുവരുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആയിരക്കണക്കിന് കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ പ്രക്ഷോഭസമരം നടത്തി വരുന്ന കാര്യവും എം.പി ചൂണ്ടിക്കാട്ടി.