തിരുവനന്തപുരം: കലയെയും സംസ്കാരത്തെയും സങ്കുചിതമായ കാഴച്ചപ്പാടിലൂടെ നോക്കിക്കാണുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ഹേമന്തം 22ന് ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമന്തം 22ന്റെ രണ്ടാം ദിവസം സ്നേഹത്തിന്റെ ഇന്ദ്രജാലം എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. സ്നേഹത്തിൽ ഇന്ദ്രജാലങ്ങൾ ഇല്ലെന്നും സ്നേഹം തന്നെ ഇന്ദ്രജാലമാണെന്നും പറഞ്ഞ അദ്ദേഹം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്ലാനറ്റിലൂടെ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പരിപാടികളുടെ ഉദ്ഘാടനം സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍ നിർവഹിച്ചു. അടച്ചുപൂട്ടപ്പെട്ട കാലത്തിന് ശേഷം സർഗാത്മക രംഗത്ത് ആരംഭിച്ച വസന്തത്തിന്റെ തുടർച്ചയാണ് ഹേമന്തം 22 എന്ന് മധുപാൽ അഭിപ്രായപ്പെട്ടു. മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗോപിനാഥ് മുതുകാടിന് ഉപഹാരം സമ്മാനിച്ചു. ഉദ്ഘാടനച്ചടങ്ങിൽ സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് അധ്യക്ഷനായി. ഭരണസമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് എന്‍. ശ്രീകാന്തും അശ്വതിയും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറി.
ഹേമന്തം 22ന്റെ മൂന്നാം ദിവസമായ ഇന്ന് കലയുടെ മഴവില്ല് മാനവികതയുടെയും എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന് നടത്തുന്ന പ്രഭാഷണമാണ് പ്രധാന ആകർഷണം. മൂന്നാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം വൈകുന്നേരം 5.30ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ഷാജി.എന്‍.കരുണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് 6.30ന് ആലപ്പുഴ ശ്രീകുമാര്‍ ഫൗണ്ടേഷന് പഞ്ചരത്ന കീര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
ഹേമന്തം 22ന്റെ രണ്ടാം ദിവസം ഭരതനാട്യം അവതരിപ്പിച്ച എൻ.ശ്രീകാന്തിനും അശ്വതിക്കും മന്ത്രി കെ.രാധാകൃഷ്ണൻ ഉപഹാരം സമ്മാനിക്കുന്നു. സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ്, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, മാജിക് അക്കാദമി ചെയർമാൻ ഗോപിനാഥ് മുതുകാട്, മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നർത്തകി മേതിൽ ദേവിക തുടങ്ങിയവർ സമീപം.
ഹേമന്തം 22ന്റെ രണ്ടാം ദിവസം പ്രശസ്ത നർത്തകിയും എം.ടി.വാസുദേവൻ നായരുടെ മകളുമായി അശ്വതിയും ഭർത്താവ് ശ്രീകാന്തും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം.