കൊച്ചി: ഇരുപത്തി മൂന്നുകാരനായ കെ.പ്രശാന്തുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ഏഴാം സീസണിൽ ടീമിന്റെ ഭാഗമാണ് കോഴിക്കോട് സ്വദേശിയായ ഈ വിങ്ങർ. അത്ലറ്റിക്സിൽ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്ബോളിൽ ആരംഭം കുറിച്ചത് 2008ലാണ്. അണ്ടർ 14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണൽ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2016ലാണ് ഈ വലം കാൽ മധ്യനിരക്കാരൻ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. ശേഷം ചെന്നൈ സിറ്റി എഫ്സി ക്ലബിലേക് ലോണിൽ പോയി കളിക്കുകയും ചെയ്തു. അവരുടെ ആദ്യ ടീമിൽ കളിച്ച് പരിചയ സമ്പത്ത് നേടി. കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ചു. വിങ്ങിൽ 12 മത്സരങ്ങൾ കെബിഎഫ്സിക്ക് വേണ്ടി കളിച്ചു. കൂടാതെ എഫ്സി ഗോവയ്ക്ക് എതിരായ നിർണായക മത്സരത്തിൽ ഗോൾ അവസരവുമൊരുക്കി.
ഈ സീസണിൽ വിങ് ബാക്ക് സ്ഥാനത്തും പ്രശാന്ത് കളിച്ചു. രണ്ട് മത്സരത്തിൽ തുടക്കം മുതൽ ഇറങ്ങി. മറ്റ് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി. ടീമിന് ആവശ്യമുള്ള ഘട്ടങ്ങളിൽ ടീമിനായി എല്ലാം നൽകാൻ ഈ വേഗം കൂടിയ വിങ്ങർ തയ്യാറാണ്. വരും വർഷങ്ങളിൽ ആദ്യ പതിനൊന്നിൽ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് താരം.