കോഴിക്കോട്: ചവിട്ടിപ്പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് കെ. മുരളീധരൻ. മരിച്ചുപോയ കെ. കരുണാകരനു ചീത്തപ്പേരുണ്ടാക്കില്ലെന്നും കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയഅദ്ദേഹം പറഞ്ഞു.
ബത്തേരിയിൽ നടന്ന കെ.പി.സി.സി. ക്യാമ്പ് എക്സിക്യൂട്ടീവിൽ തൃശൂരിലെ പരാജയം ചർച്ചയായിട്ടില്ല. ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കും.
ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല.
ടി.എൻ. പ്രതാപനും ഷാനിമോൾ ഉസ്മാനും ക്യാമ്പ് എക്സിക്യൂട്ടീവിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. അവർ രാവിലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരുട്ടത്ത് പോസ്റ്ററൊട്ടിക്കുന്നവരെ പാർട്ടിയിൽനിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും പാലോട് രവിക്കെതിരെ പോസ്റ്ററൊട്ടിച്ച വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഇന്നലെ ബത്തേരിയിൽ സമാപിച്ച ക്യാമ്പ് എക്സിക്യൂട്ടീവിൽ മുരളീധരൻ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഷാനിമോൾ ഉസ്മാനും ടി.എൻ. പ്രതാപനും മുരളീധരനെതിരെ സംസാരിച്ചെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.