തിരുവനന്തപുരം∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിക്കാനാവാതെ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജാരാകത്തതിനെ തുടർന്നാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ചത്.
ജോലി സംബന്ധമായ കരണങ്ങളാലാണ് ശ്രീറാമിന് എത്തിച്ചേരാൻ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി പരിഗണിച്ചു. അപകടം സംഭവിച്ചിട്ട് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചിരുന്നില്ല.
ഇതിനിടയിൽ കേസിൽ രണ്ടു പ്രതികൾ എന്നത് ഒന്നായി മാറി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീർ മരിച്ചത്.