കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ 18 വർഷമായി കോൺഗ്രസിലുണ്ടായിരുന്ന താൻ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ജനങ്ങളേയും രാജ്യത്തേയും സേവിക്കുക എന്ന തന്റെ ലക്ഷ്യം തുടരും. പക്ഷേ ഈ പാർട്ടിയിൽ നിന്ന് ഇനി അത് നടക്കില്ല എന്ന് തിരിച്ചറിയുന്നു. രാജ്യത്തെ സേവിക്കാൻ അവസരം തന്നതിൽ പാർട്ടിയിലെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറയുന്നതായും രാജിക്കത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സിന്ധ്യ സന്ദർശിച്ചിരുന്നു. സിന്ധ്യ ബിജെപിയിൽ ചേരുമെന്ന സൂചനകളും ഇതോടെ ശക്തമായി. മദ്ധ്യപ്രദേശിൽ സിന്ധ്യക്കൊപ്പമുള്ള 17 എം.എൽ.എമാർ നിലവിൽ അജ്ഞാത കേന്ദ്രത്തിലാണ്. ഇവരെ ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വം എല്ലാ മാർഗ്ഗങ്ങളും തേടുന്നുണ്ടെങ്കിലും ഇതുവരെ വിജയിക്കാനായില്ല.
മുൻ കേന്ദ്രമന്ത്രിയും മദ്ധ്യപ്രദേശിലെ ജനകീയ കോൺഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രധാനിയായിരുന്നു സിന്ധ്യ. സച്ചിൻ പൈലറ്റിനൊപ്പം രാഹുൽ ഗാന്ധിയുടെ ഏറ്റവുമടുത്ത ആളായി ഗണിക്കപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം.
മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിനു ശേഷമാണ് സിന്ധ്യയും കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും കമൽ നാഥ് കൈകാര്യം ചെയ്യുന്നതിൽ സിന്ധ്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കമൽ നാഥിനെ മറികടക്കാൻ സിന്ധ്യക്ക് കഴിഞ്ഞില്ല. തുടർന്നാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തത്.