കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ ജോസഫൈൻ, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ജോസഫൈന്റെ മൃതദേഹം ഇന്നു രാത്രിയോടെ അങ്കമാലിയിലെത്തിക്കും. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള വൊളന്റിയർ പരേഡിനുശേഷം മൃതദേഹവുമായുള്ള ആംബുലൻസ് കണ്ണൂരിൽനിന്ന് പുറപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതാക്കൾ മൃതദേഹത്തെ അനുഗമിക്കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലും സിഎസ്ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്. പൊതുദർശനങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കൽ കോളജിനു കൈമാറുക.
