കോട്ടയം : കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. പാല സീറ്റില്‍ മത്സരിക്കാനായാണ് രാജി. ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. കോടതി വിധിക്ക് ശേഷം രാജിയെന്നായിരുന്നു വിവരം.
ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തുള്ള പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. സംസ്ഥാന കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യം കൂടി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.