മനാമ: ഗൾഫ് കൺവെൻഷൻ സെൻററിൽ ആരംഭിച്ച തൊഴിൽ പരിശീലന, വിദ്യാഭ്യാസ എക്സിബിഷൻ തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഉദ്ഘാടനം ചെയ്തു. മിഡ്പോയൻറ് കമ്പനിയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ എക്സിബിഷനോടനുബന്ധിച്ച് വിദ്യാഭ്യാസ, തൊഴിൽ വിപണി ഫോറവും ഒരുക്കിയിട്ടുണ്ട്. മിഡ്പോയൻറ് കമ്പനി മേധാവി ശൈഖ നൂറ ബിൻത് ഖലീഫ ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും മനുഷ്യവിഭവ വകുപ്പ് ചുമതലയുള്ളവരും പങ്കാളികളായി. യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയവരും സെക്കൻഡറി തലം കഴിയാനിരിക്കുന്നതുമായ വിദ്യാർഥികൾക്ക് വിവിധ പരിശീലന പരിപാടികളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നതിനാണ് എക്സ്പോ സംഘടിപ്പിച്ചത്.
തൊഴിൽ വിപണിയിൽ മെച്ചപ്പെട്ടതും പരിശീലനം സിദ്ധിച്ചവരുമായ തൊഴിലന്വേഷകരെ ലഭ്യമാക്കുന്നതിന് ഇതുപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയിൽ തദ്ദേശീയ തൊഴിൽ ശക്തി ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇത്തരം എക്സ്പോകൾ വിദ്യാഭ്യാസത്തിനും പരിശീലന പരിപാടികൾക്കും മാത്രമല്ല, മറിച്ച് തൊഴിൽ വിപണി മെച്ചപ്പെടുത്താനും കാരണമാകും. തൊഴിൽ മേഖലയിൽ ഭാവിയിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനും വരും തലമുറക്ക് ദിശാബോധം നൽകാനും സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
