
മനാമ: ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾ ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രസിദ്ധീകരിച്ചു.
ആദ്യം പുതിയ തൊഴിലുടമ പ്രവാസി മാനേജ്മെൻ്റ് സിസ്റ്റം വഴി വർക്ക് പെർമിറ്റിനുള്ള അപേക്ഷ സമർപ്പിക്കണം. നിലവിലെ തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ രാജി നോട്ടീസ് ലഭിച്ചതിന്റെ തെളിവ് നിർബന്ധമാണ്. നോട്ടീസ് നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.
ഇതെല്ലാം ഫയൽ ചെയ്തു കഴിഞ്ഞാൽ എൽ.എം.ആർ.എയും ബന്ധപ്പെട്ട സ്ഥാപനങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. തൊഴിലാളി നിലവിലെ തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്തത് ഒരു വർഷത്തിൽ കുറവാണെങ്കിൽ തൊഴിലുടമയ്ക്ക് തൊഴിൽമാറ്റം നിരസിക്കാം. ഒരു വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ടെങ്കിൽ തൊഴിൽമാറ്റം തടയാൻ തൊഴിലുടമയ്ക്കാവില്ല. എന്നാൽ നോട്ടീസ് കാലാവധിക്കനുസരിച്ച് തീരുമാനമെടുക്കാം. സാധാരണയായി കരാർ പ്രകാരം കാലാവധി 30 ദിവസത്തിനും 90 ദിവസത്തിനും ഇടയിലാണ്.
ഈ വ്യവസ്ഥകൾ പാലിച്ചു നൽകുന്ന അപേക്ഷകളിൽ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ തൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലിക്ക് ചേരാം.
