ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ജെ.എൻ.യുവിലെത്തിച്ചു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട സർവകലാശാലയിൽ അവസാനമായി അദ്ദേഹമെത്തിയപ്പോൾ അന്തരീക്ഷം ലാൽ സലാം വിളികളാൽ മുഖരിതമായി. കനത്ത മഴയെയും അവഗണിച്ച് വിദ്യാർഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമർപ്പിക്കുന്നതിനായി സർവകലാശാലയിലെത്തിച്ചത്.
പാർട്ടി നേതാക്കൾ എയിംസിൽനിന്ന് യെച്ചൂരിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ടുപോകുംവഴിയാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ അൽപസമയം പൊതു ദർശനത്തിന് വെച്ചത്.
എംഎ വിദ്യഭ്യാസത്തിനായി ജെ.എൻ.യുവിലെത്തിയപ്പോഴായിരുന്നു യെച്ചൂരി എസ്എഫ്ഐയിലൂടെ ഇടത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. മൂന്ന് വർഷം അദ്ദേഹം തുടർച്ചയായി വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജെ.എൻ.യുവിൽ നിന്നുയർന്ന പ്രതിഷേധ സ്വരങ്ങൾക്ക് നേതൃനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു.
ജെ.എൻ.യുവിലെ പൊതുദർശനത്തിന് ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. രാത്രി മുഴുവൻ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. തുടർന്ന് എകെജി ഭവനിൽനിന്ന് 14 അശോക റോഡ് വരെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം ഡൽഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
