ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ധുംകയില്‍ സ്പാനിഷ് വനിതയെ ഏഴുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ട്രാവല്‍ വ്ലോഗറായ യുവതി പൊലീസിന് നല്കിയ പരാതിയുടെയും മൊഴിയുടെയും വിശദാംശങ്ങളാണ് പുറത്തുവന്നത്. 7 പുരുഷന്മാരും ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് തന്നെ കഠാര കൊണ്ട് ഭീഷണിപ്പെടുത്തുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി സ്പാനിഷ് ട്രാവൽ വ്ലോഗർ ആരോപിച്ചു. രണ്ടര മണിക്കൂര്‍ നേരമാണ് യുവതി കൊടിയ ലൈംഗിക ആക്രമണത്തിന് ഇരയായത്.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് 28 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. മോട്ടോര്‍ബൈക്കില്‍ ലോകപര്യടനം നടത്തിവന്ന യുവതിയും ഭര്‍ത്താവും വെള്ളിയാഴ്ചയാണ് ധുംകയിലെ കുംരാഹട്ട് ഗ്രാമത്തിലെത്തിയത്. നേരംവൈകിയതിനാല്‍ വനമേഖലയോട് ചേര്‍ന്ന സ്ഥലത്ത് ടെന്റ് കെട്ടി താമസിക്കാന്‍ തീരുമാനിച്ചു. മെയിന്‍ റോഡില്‍ നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലായാണ് ടെന്റ് കെട്ടിയത്. ഏഴുമണിയോടെ ടെന്റിന് പുറത്ത് ആരോ സംസാരിക്കുന്നത് കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്ക്കുന്നത് കണ്ടു. അല്‍പ്പം കഴിഞ്ഞ് രണ്ട് ബൈക്കുകളിലായി അഞ്ചുപേര്‍ കൂടി സ്ഥലത്തെത്തി.
ആദ്യം മൂന്ന് പേർ ഇരയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുകയും കൈകൾ കെട്ടുകയും ചെയ്തു. “ഒരു കഠാര കാണിച്ചതിന് ശേഷം” മറ്റ് നാല് പേർ തന്നെ ബലമായി പിടിച്ചുവെന്നും ഏഴ് പേരും ചേർന്ന് തന്നെ നിലത്ത് എറിയുകയും ചവിട്ടുകയും തല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.