മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 31-ാമത് പതിപ്പ് നവംബർ 14 മുതൽ 18 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയടക്കമുള്ള 30 രാജ്യങ്ങളിൽ നിന്നുള്ള 650 സ്ഥാപനങ്ങളാണ് പങ്കെടുക്കുക.
ആഭരണങ്ങളോടൊപ്പം തന്നെ ലക്ഷ്വറി വസ്തുക്കളുടെയും വിശാലമായ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. ക്ലാസിക്, സമകാലിക ഡിസൈനുകൾ, ഫിനിഷ്ഡ് ആഭരണങ്ങൾ, ടൈംപീസുകൾ, വിലയേറിയ രത്നങ്ങൾ, ആഢംബര വാച്ചുകള്‍, ക്ലോക്കുകൾ, മികച്ച എഴുത്ത് ഉപകരണങ്ങൾ, ആഡംബര ആക്സസറികൾ തുടങ്ങിയവ പ്രദർശിപ്പിക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ മുൻ വർഷത്തേക്കാൾ 20 ശതമാനം കൂടുതൽ സ്ഥാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
ഓരോ വര്‍ഷം കഴിയുന്തോറും പ്രദർശനം കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെന്നപോലെ, ലോകമെമ്പാടുമുള്ള സന്ദർശകരെയും ആഡംബര പ്രേമികളെയും ആകർഷിക്കുന്ന മിഡിലീസ്റ്റിലെതന്നെ മികച്ച ജ്വല്ലറി പ്രദർശനമായിരിക്കും ഇത്. ഇൻഫോർമ മാർക്കറ്റ്സ് ആണ് ജ്വല്ലറി അറേബ്യ പ്രദർശനം സംഘടിപ്പിക്കുന്നത്.