മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 14 മുതൽ 18 വരെ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് പ്രദർശനം നടക്കുന്നത്. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർത്വത്തിലാണ് അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളാണ് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്. 3,5, 6, 7, 8 എന്നിങ്ങനെ അഞ്ച് ഹാളുകളിലായാണ് ഈ വർഷത്തെ പതിപ്പ് നടക്കുക. പുതിയ ബ്രാൻഡുകളുടെ 20 ശതമാനം പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തിന്റെ വാണിജ്യമേഖലയ്ക്ക് വലിയ തോതിൽ ഉണർവ് ഉണ്ടാക്കാൻ ജ്വല്ലറി അറേബ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.