
മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനമായ ജ്വല്ലറി അറേബ്യയുടെ മുപ്പതാമത് പതിപ്പിന് ബഹ്റൈനിൽ തുടക്കമായി. സാഖിറിലെ പുതുതായി നിർമ്മിച്ച എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് പ്രദർശനം നടക്കുന്നത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് പ്രദർശനം നടക്കുന്നത്.
പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കമുള്ള 30 രാജ്യങ്ങളില്‍ നിന്നായി 650 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പങ്കെടുക്കുന്നു. ആഭരണങ്ങളോടൊപ്പം തന്നെ ലക്ഷ്വറി വസ്തുക്കളുടെയും വിശാലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്, ബ്രസീല്‍, ഗ്രീസ്, ജര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്ലന്ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്തുന്നത്. ജ്വല്ലറി അറേബ്യ പ്രദർശനത്തിൽ മിഡിലീസ്റ്റില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കാറുള്ളത് ഇന്ത്യയില്‍ നിന്നാണ്.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകീട്ട് നാലു മണി മുതല്‍ രാത്രി പത്തു മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. അവസാന ദിവസമായ നവംബർ 26ന് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം നടക്കുക. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കാറുള്ളത്. ജ്വല്ലറി പ്രേമികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പഠന പ്ലാറ്റ്ഫോമായി ജ്വല്ലറി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ, നൂതനമായ വര്‍ക്ക്ഷോപ്പുകളും ചര്‍ച്ചകളും ഗലേറിയ തിയേറ്ററില്‍ ഒരുക്കിയിട്ടുണ്ട്. മറ്റു പ്രദര്ശനങ്ങളെയപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വാകാര്യതയേറിവരികയാണ്. ബഹറിനിലെ വ്യാപാര ടൂറിസം മേഖലകൾക്ക് ഉണർവേകാൻ ഈ പ്രദർശനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 22 ന് ആരംഭിച്ച പ്രദർശനം നവംബര്‍ 26 ന് സമാപിക്കും.
