കൊല്ലം : ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിന് നാടിന്റെ യാത്രാ മൊഴി. ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടത്ത് എത്തിച്ച ഭൗതിക ദേഹത്തിൽ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സൈന്യത്തിന്റെ സമ്പൂർണ ഒദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പൂഞ്ച് സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു വൈശാഖിന്റെ വീരമൃത്യു.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ വൈശാഖിന് നാട് കണ്ണീരോടെ വിടയേകി. രാവിടെ കുടവട്ടൂരിൽ എത്തിച്ച ഭൗതിക ശരീരം സർക്കാർ എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ മുതൽ പെയ്ത കനത്ത മഴയേയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചു റാണി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
സ്കൂളിലെ അധ്യാപകർ, സഹപാഠികളായിരുന്നവർ, നാട്ടുകാർ തുടങ്ങി നിരവധി പേർ പ്രിയപ്പെട്ട വൈശാഖിനെ കാണാൻ മണിക്കൂറുകൾ കാത്തുനിന്നു. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, ജില്ലാ കളക്ടർ അഫ്സാന പര്വീൻ ഉൾപ്പെടെയുള്ളവരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. സ്വവസതിയായ വൈശാഖത്തിൽ പൊതു ദർശനത്തിന് വെച്ചപ്പൊൾ വികാര നിർഭരമായ രംഗങ്ങളായിരുന്നു.
അമ്മയും സഹോദരിയും ഉൾപ്പെടെ ദുഃഖം താങ്ങാനാകാതെ വാവിട്ടു കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ മിഴികളും ഈറനണിഞ്ഞു. 24 വയസ്സായിരുന്നു വൈശാഖിന്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാന സർക്കാർ ഏറ്റുവാങ്ങി.
തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ സൈനിക ആസ്ഥാനത്തും ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്നായിരുന്നു ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്. ഓടനാവട്ടം ടൗണിലും ചെറിയ സമയത്തേക്ക് പൊതുദർശനമുണ്ടായിരുന്നു.
സ്കൂളിലെ പൊതുദർശനത്തിന് തിങ്ങിക്കൂടിയ ജനങ്ങളിൽ ഏറെപ്പേർക്കും സമയപരിമിതിമൂലം ഹാളിനുളളിൽ കടന്ന് നേരിട്ട് അന്ത്യോപചാരം അർപ്പിക്കാനായില്ല. സ്കൂളിനോട് ചേർന്ന മൈതാനത്തിലാണ് സൈന്യത്തിൽ ചേരുന്നതിനു മുൻപുള്ള കായിക പരിശീലനം വൈശാഖ് നടത്തിയിരുന്നത്.