തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
ഈ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ‘ജൊവാദ് ‘ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറില്‍ വടക്ക് ദിശയില്‍ മണിക്കൂറില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച്, ഇന്ന് രാവിലെ 8.30 ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വിശാഖപട്ടണത്തിനു 210 km കിഴക്കു തെക്കു കിഴക്കായും, ഗോപാല്‍പൂരിനു 320 km തെക്കായും പുരിയില്‍ നിന്ന് 390 km തെക്കു തെക്കു പടിഞ്ഞാറായും , പാരദ്വീപില്‍ നിന്ന് 470 km തെക്കു തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.
അടുത്ത 12 മണിക്കൂറില്‍ ശക്തി ക്ഷയിച്ചു വടക്കു ദിശയില്‍ സഞ്ചരിക്കുകയും തുടര്‍ന്ന് വടക്ക് വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബര്‍ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുന മര്‍ദ്ദമായി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ല.
