മനാമ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻകാല ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥിന് ബഹ്റൈനിൽ സ്വീകരണം നൽകി. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈനാണ് ശ്രീനാഥിനെ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു.
ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങൾക്ക് ശ്രീനാഥ് മറുപടി നൽകി.
കന്നട സംഘ ബഹ്റൈൻ സംഘടിപ്പിച്ച ബി.എം.എം.ഐ ഷോപ്സ് കെ.എസ്.ബി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. മൂന്ന് വിഭാഗങ്ങളിലായി 34 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വിജയികൾക്ക് അദ്ദേഹം ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.
വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്.